
ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിവാദപരവും നിർണായകവുമായ സംഭവങ്ങളിലൊന്നായ 1975-77 കാലഘട്ടത്തിലെ അടിയന്തരാവസ്ഥ ഇനി ഒൻപതാം ക്ലാസ് വിദ്യാർഥികൾക്കും പഠനവിഷയമാകും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ എൻസിഇആർടി തയ്യാറാക്കിയ പുതിയ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലാണ് ഈ മാറ്റം ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതുവരെ പന്ത്രണ്ടാം ക്ലാസ് പാഠ്യപദ്ധതിയിൽ മാത്രമായിരുന്നു അടിയന്തരാവസ്ഥയെക്കുറിച്ചുള്ള വിശദമായ പഠനം ഉണ്ടായിരുന്നത്. എന്നാൽ എമർജൻസി പ്രഖ്യാപിച്ച് 51 വർഷം പിന്നിടുന്ന വേളയിലാണ് വിഷയം ആദ്യമായി ഹൈസ്കൂൾ തലത്തിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്.
'അണ്ടർസ്റ്റാൻഡിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട് പാർട്ട് 1' എന്ന പുതിയ പാഠപുസ്തകത്തിലെ ആറാം അധ്യായത്തിലാണ് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള വിവരണം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ജനാധിപത്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി ഈ കാലഘട്ടത്തെ പുസ്തകം വിശേഷിപ്പിക്കുന്നു.
1970-കളുടെ തുടക്കത്തിൽ തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി തുടങ്ങിയ വിഷയങ്ങളെ ചൊല്ലി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ജനങ്ങളിൽ വ്യാപക അതൃപ്തി രൂപപ്പെട്ടതായി പാഠഭാഗം വിശദീകരിക്കുന്നു. തുടർന്ന് ‘ആഭ്യന്തര അസ്വസ്ഥത’ ചൂണ്ടിക്കാട്ടി 1975 ജൂണിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതായും രേഖപ്പെടുത്തുന്നു.
അടിയന്തരാവസ്ഥക്കാലത്ത് പൗരന്മാരുടെ മൗലികാവകാശങ്ങൾ നിയന്ത്രിക്കപ്പെട്ടതും പത്രമാധ്യമങ്ങൾക്ക് കടുത്ത സെൻസർഷിപ്പ് ഏർപ്പെടുത്തിയതും രാഷ്ട്രീയ നേതാക്കളെയും സാമൂഹിക പ്രവർത്തകരെയും വ്യാപകമായി തടവിലാക്കിയതുമാണ് പുസ്തകത്തിൽ പരാമർശിക്കുന്നത്. ജനാധിപത്യ സ്ഥാപനങ്ങൾ നേരിട്ട സമ്മർദങ്ങളും വെല്ലുവിളികളും പ്രത്യേകം ചൂണ്ടിക്കാട്ടുന്നുണ്ട്.
അടിയന്തരാവസ്ഥയ്ക്കെതിരായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ജയപ്രകാശ് നാരായൺ വഹിച്ച പങ്കിനെയും പാഠഭാഗം വിശദമായി അവതരിപ്പിക്കുന്നു.
വ്യാജവാർത്തകൾ, പൊതുമുതൽ നശിപ്പിക്കൽ, ദാരിദ്ര്യം, ലിംഗവിവേചനം തുടങ്ങിയ സമകാലിക സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന അധ്യായത്തിന്റെ ഭാഗമായാണ് അടിയന്തരാവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്. 2026-27 അധ്യയന വർഷം മുതൽ പുതിയ പാഠപുസ്തകങ്ങൾ സ്കൂളുകളിൽ വിതരണം ചെയ്യുമെന്ന് എൻസിഇആർടി അറിയിച്ചു.
അതേസമയം, പാഠ്യപദ്ധതി പുനഃക്രമീകരണത്തിന്റെ ഭാഗമായി ഫ്രഞ്ച് വിപ്ലവം, റഷ്യൻ വിപ്ലവം, നാസിസത്തിന്റെ ഉയർച്ച തുടങ്ങിയ ആഗോള ചരിത്ര വിഷയങ്ങൾ ഒൻപതാം ക്ലാസിൽ നിന്ന് പത്താം ക്ലാസിലേക്കു മാറ്റിയതായും റിപ്പോർട്ടുണ്ട്.










